2017 ഓഗസ്റ്റ് 13, ഞായറാഴ്‌ച

18. സിങ്കപ്പൂരിനോട് വിട


അങ്ങനെ ഞങ്ങളുടെ സിങ്കപ്പൂര്‍ ജീവിതം അവസാനിക്കുകയായി. കാരണം പലതാണ്. ഒരു വര്‍ഷത്തെ പരിപാടി ആറുമാസം കൊണ്‍ടവസാനിപ്പിച്ചതിനു പ്രധാന കാരണം ഞങ്ങള്‍ മുമ്പ് സൂചിപ്പിച്ച ചൈനക്കാരുടെ സ്വഭാവ വ്യത്യാസമാണ്. ആശാനെ സിങ്കപ്പൂരിലേക്ക് ക്ഷണിച്ചത് ഒരു തൈവാന്‍ (പഴയ ഫോര്‍മോസ) ചൈനക്കാരനാണ്. ന്യൂയോര്‍ക് സ്റ്റേറ്റ് യൂണിവേര്സിടിയില് നിന്നു ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരു തിന്കഞ്ഞ മാന്യന്‍. പതിനഞ്ച് വര്‍ഷത്തിലധികം ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായി അത്യാവശ്യതിന് ഗവേഷണവും ചെയ്തു കൊണ്ടിരുന്ന കക്ഷിയെ ഒരു സിങ്കപ്പൂര്‍ ഗവേഷണ സ്ഥാപനത്തിന് എങ്ങനെ ഉപയോഗിക്കാമെന്നു അയാള്‍ക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. പക്ഷെ ഞങ്ങളുടെ ദൌര്‍ഭാഗ്യം എന്ന് പറയട്ടെ അദ്ദേഹം പറഞ്ഞ സമയത്തു ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞില്ല. അദ്ദേഹ്ത്തിനു കാനഡ പൌരന്‍ ആയ ഭാര്യയില്‍ ഉണ്ടായ കുട്ടിക്ക് സിങ്കപ്പൂര്‍ കാലാവസ്ഥ തീരെ പിടിക്കാതായി. ഉത്തര അമേരിക്കയിലെ വന്‍ തണുപ്പും സിങ്കപ്പൂരിലെ ചൂടും കൂടി ആയപ്പോള്‍ കുട്ടിക്ക് ശരീരം മുഴുവന്‍ ചുവന്ന പാടുകള്‍ വന്നു. തീരെ നിവൃത്തി ഇല്ലാതെ അവര്‍ അമേരിക്കയില്‍ തന്നെ ജോലി വാങ്ങി പോയി, ഞങ്ങള്‍ അവിടെ എത്തുന്നതിനു തൊട്ടു മുന്പ്. പകരം ആശാന്‍റെ ബോസ്സ് ആയി വന്നത് ചൈന വന്‍‌കരയില്‍ നിന്നു ഒരു കക്ഷി. ബാഹ്യലോകവുമായി വലിയ ബന്ധമോ ഗവേഷണ രീതിയെപ്പറ്റി വേണ്ട വിവരമോ ഇല്ലാത്ത ഒരാള്‍. അദ്ദേഹത്തിന് ആശാനെ എന്തിന് അവിടേക്ക് ക്ഷണിച്ചു എന്ന് തന്നെ അറിയില്ല. കരാര്‍ ഒപ്പിട്ടത് കൊണ്ടു ആറുമാസം അയാളുടെ കൂടെ ജോലി ചെയ്തു എന്ന് മാത്രം. ഒരിക്കല്‍ പോലും എന്തെങ്കിലും ചെയ്യാന്‍ അയാള്‍ ശ്രീമാനോടാവശ്യ്പ്പെട്ടില്ല. കിട്ടുന്ന കാശിനു എന്തെങ്കിലും ചെയ്യണമല്ലോ എന്ന് വച്ചു വിദ്യാര്ത്ഥി സുഹ്റുത്തുമായി ആലോചിച്ചു കുറെ ക്ലാസ്സ് എടുത്തു. ചില പ്രൊജെക്ടുകളില്‍ ആവശ്യപ്പെട്ട സംശയങ്ങള്‍ തീര്ത്തു കൊടുത്തു. അങ്ങനെ ആറ് മാസം കഴിഞ്ഞു . അയാളോ ഡയറക്ടരോ കരാര്‍ പുതുക്കുന്നതിനെപ്പറ്റി പറയുകയോ അഭിമാനിയായ ആശാന്‍ ആവശ്യപ്പെടുകയോ ചെയ്തില്ല. അങ്ങനെ ആറു മാസം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു പോന്നു. ഒരു പാടു അനുഭവങ്ങളോടെ,ധാരാളം ഓര്മകളോടെ. ആദ്യമായി വിദേശത്ത് ജോലി ചെയ്യാന്‍ അവസരം തന്ന എല്ലാവര്കും, പ്രത്യേകിച്ചു ദൈവത്തിനും നന്ദി പറഞ്ഞു തിരിച്ചുവന്നു. കുറച്ചു നാള്‍ കഴിഞ്ഞു , പടിഞ്ഞാറേക്കുള്ള ഒരു യാത്രക്ക് പിന്നീട് വഴിയൊരുങ്ങി എന്ന് പറയുകയാവും ശരി.

17.സുഹൃത്തിന്റെ കുട്ടി


ഞങ്ങള്‍ താമസിച്ചിരുന്ന വീടിലെ കുട്ടി വളരെ മിടുക്കിയായിരുന്നു. പാട്ടിനും ഡാന്‍സിനും എല്ലാം പോകും. ചിലപ്പോള്‍ ഞാനായിരുന്നു അവളെ തൊട്ടടുത്തുള്ള ഫ്ലാറ്റില്‍ ഡാന്‍സ് ക്ലാസിനു കൊണ്ടാക്കുകയും തിരിച്ചു കൊണ്ടുവരുകയും ചെയ്തത്. ഞങ്ങളെ ആദ്യമായി അപ്പൂപ്പനും അമ്മൂമ്മയും എന്ന് വിളിച്ചത് ആ കുട്ടിയാണ്.
വിദേശരാജ്യങ്ങളില് ഫ്ലാറ്റുകളില്‍ വളരുന്ന കുട്ടികളുടെ പല പ്രത്യേകതകളും അമ്മുവിനുന്റായിരുന്നു. ഉദാഹരണത്തിന് ഭക്ഷണം. ഞാന്‍ ചോദിക്കും " അമ്മുക്കുട്ടീ ഏതൊക്‍കെയാണ് junk food ?". അവള്‍ പറയും " ഐസ് ക്രീം , ഫ്രെഞ്ച്ച് ഫ്രൈ , ബര്‍ഗര്‍, ചോക്കലേറ്റ് " എന്നിവ."മിടുക്കി. മോള്ള്‍കേതൊക്കെ ആഹാരമാണ് ഇഷ്ടം ?" "ഇതെല്ലാം എനിക്ക് ഇഷ്ട്മാണ് " . കാര്യങ്ങള്‍ എല്ലാം അറിയാം, പക്ഷെ അത് മാത്രമേ കഴിക്കൂ. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോള്‍ സ്ഥിരമായി സിന്ഡെറെല്ലായുടെ വീഡിയോ വച്ചുകൊടുക്കണം എന്നും. അതുതീരുമ്പോള്‍ ഭക്ഷണവും കഴിച്ചിരിക്കും. ഞാന്‍ അന്ന് അത്ഭുതപ്പെട്ടിരുന്നു. എങ്ങനെയാണ് എല്ലാ ദിവസവും ഇതു തന്നെ കാണുന്നത്. എന്നാല്‍ ഇന്നു ഞങ്ങളുടെ കൊച്ചുമോന്റെ താല്പര്യങ്ങള്‍ ഇന്നു കാണുമ്പോള്‍ അത് തികച്ചും സ്വാഭാവികമാണെന്ന് മനസ്സിലായി. ശനിയാഴ്ച ദിവസം അമ്മു പത്രം നോക്കിയിരിക്കും, മക്ഡൊണാള്‍ഡിന്‍റെ പരസ്യം വരാന്‍. അവിടെ ലഞ്ചു കഴിച്ചാല്‍ കിട്ടുന്ന പ്ത്തു സെന്റിന്റെയും ഇരുപതു സെന്റിന്റെയും ചെറിയ സമ്മാനം എന്താണെന്ന് അറിയാന്‍. ആഴ്ചയിലൊരു ദിവസമെങ്കിലും അവള്‍ അച്ഛനെയും കൂട്ടി അവിടെ പോകും, ഭക്ഷണം കഴിക്കും.

16.ദൂരിയാനെന്ന ചക്ക



ഒരു ദിവസം ഞങ്ങള്‍ പച്ചക്കറി വാങ്ങാന്‍ ചന്തയില്‍ പോയി. രൂക്ഷമായ ഒരു ഗന്ധം . എവിടെ നിന്നാണ് എന്ന് തിരഞ്ഞു. അപ്പോഴാണ്‌ 'ദൂരിയാന്‍' എന്നു പേരുള്ള ഒരു ചക്കയാണ് വില്ലന്‍. അത് നമ്മുടെ വരിയ്ക ചക്ക പോലെ മുറിച്ചു വച്ചിരിക്കുന്നു. ചൈനക്കാര്‍ക് ഇഷ്ടപെട്ട ഭോജ്യമാണിതു. അവര്‍ ഇതു വാങ്ങി കൊണ്ടുപോകുംപോഴൊക്കെ മറ്റുള്ളവര്‍ ഈ മണം സഹിച്ചേ പറ്റൂ. നമ്മുടെ ചക്കയുടെ ഒരു ചെറിയ പതിപ്പാണ്. ചുളകള്‍ ചക്കയുടെ പോലെ തന്നെ. ബസ്സിലോ ട്രെയിനിലോ ഈ ഫലങ്ങള്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. അത്യന്തം രുചികരമാണെന്ന് പറയുന്ന ഈ സാധനം മൂക്ക് പൊത്തി എങ്ങനെ കഴിക്കുമെന്നാണ് ഞങ്ങളുടെ സംശയം. ഒരു പ്രാവശ്യം ശ്രമിച്ചെങ്കിലും സാധിച്ചില്ല, അകത്താക്കാന്‍. ചില സമയത്തു മാത്രമേ ഏത്തപ്പഴം കിട്ടിയിരുന്നുള്ളൂ. ഓണത്തിനോ മറ്റോ. അതും ഇന്ത്യന്‍ സ്റ്റോറില്‍ നിന്നു. വിലയും കൂടുതലാണ്. ഒരു പഴത്തിനു ഒരു സിങ്കപ്പൂര്‍ ഡോളര്‍ ( Rs 25 ) അന്ന്. മാങ്ങക്കും നല്ല വിലയാണ്. മലയേഷൃയില് നിന്നു തേങ്ങ ധാരാളം വരുന്നുണ്ട്. ചൈനക്കാരും മലയെഷ്യക്കാരും തേങ്ങാപ്പാല്‍ ധാരാളം ഉപയോഗിക്കുന്നു. തിരുമ്മിയ തേങ്ങയും കടകളില് കിട്ടും. മത്സ്യവും മാംസവും ധാരാളം. വളരെ വൃത്തിയായി വച്ചിരിക്കുന്നു. മാംസം മുറിക്കുന്നയാള്‍ കയ്യുറ ധരിച്ചിരിക്കും. ഏതെങ്കിലും രീതിയില്‍ ചീത്ത ആയ ഭക്ഷണ സാധനം വില്കുന്നത് കുറ്റകരമാണ്. പിടിച്ചാല്‍ കൈകൂലി കൊടുത്തു നമ്മുടെ നാട്ടിലെ പോലെ രക്ഷപെടാന്‍ സാധികുകയുമില്ല. അന്ന് ' ഭ്രാന്തന്‍ പശു '( mad cow ) പ്രശ്നം ഉണ്ടായപ്പോള്‍ ആയിരക്കണക്കിന് കിലോ മാംസം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നശിപ്പിച്ചു കളഞ്ഞു. ഭക്ഷൃസാധനങ്ങളുടെ വിതരണ കാര്യത്തില്‍ മറ്റു രാജ്യക്കാരും സര്കാരും കാണിക്കുന്ന ശുഷ്കാന്തി നമ്മുടെ നാട്ടില്‍ എന്നാണാവോ വരുക? ഹോട്ടലുകളില് പോലും ഭക്ഷണ പരിശോധന ഒരു ചടങ്ങ് മാത്രമാണ് പലപ്പോഴും . മാസപ്പടി പറ്റുന്ന പരിശോധകരും കുറവല്ല.

15.കുഞ്ഞു ഭാരതം


സിങ്കപ്പൂര്‍ ഇന്ത്യക്കാര്‍ കൂടുതലായി പാര്‍കുന്ന ഭാഗമാണ് little India . ഇവിടെ നമ്മുടെ രാജ്യത്തില് കിട്ടുന്ന എല്ലാ സാധനങ്ങളും സുലഭമായി കിട്ടും. വാഴയിലയും കറിവേപ്പിലയുംഇന്ത്യക്കാരുടെ ധാരാളം കടകളും ഉണ്ട്. കുറെ നല്ല ഇന്ത്യന്‍ ഹോട്ടലുകളും ഉണ്ട്. പാര്‍ടികളും മറ്റും ഏറ്റെടുത്ത് നടത്തുന്നവര്‍. പലപ്പോഴും നമ്മുടെ ആള്‍കാര്‍ മാസത്തിലൊരിക്കല്‍ ഇവിടെ കൂടുന്നു. ഒന്നാം തരം മസാല്‍ ദോശയും തേങ്ങ ചമ്മന്തിയും വടയും കിട്ടും. നാട്ടിലെനിരക്ക് അപേക്ഷിച്ച് വില കൂടുതലാനെന്കിലും രുചികരമായ ഭക്ഷണം കിട്ടുന്നു. ചില സമയത്തു റോഡിലെ തിരക്ക് നമുടെ ചാല കമ്പോളതിന്റെയോ കൊല്കതാ തെരുവുകളുടെയോ അടുത്തെത്തും . പൊതുവേ സിങ്ങപോരിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് വൃത്തി കുറവാണ് ഇവിടെ. കാരണം നമ്മുടെ നാടുകാരുടെ സ്വഭാവം തന്നെ. സാമാന്യം വലിയ ഒരു മാരിയമ്മന്‍ കോവില്‍ ഇവിടെ ഉണ്ട്. സിങ്കപൂരിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് കോംപ്ളെക്സ് ആയ മുസ്തഫ ഷോപ്പ് ഇവിടെയാണ്‌. ശേരങ്കൂണ്‍ റോഡ് ഇതിന്റെ നടുക്ക് കൂടി പോകുന്നു. കാളിയമ്മന്‍ ക്ഷേത്രം, അബ്ദുല്‍ ഗഫൂര്‍ മോസ്ക് , സിഖ് ഗുരുദ്വാര എല്ലാം ഇവിടെ ഉണ്ട് . നമ്മുടെ നാട്ടുകാര്‍ സിങ്ങപൂരില്‍ എവിടെ താമസിച്ചാലും ആഴ്ച്ചയിലോരിക്കലെന്കിലും ഇവിടെ വരാതിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.

14.ബുകിറ്റ് പഞ്ചാങ്ങും പരിസരവും


ഞങ്ങള്‍ താമസിച്ചിരുന്നത് ബുക്കിറ്റ് പഞ്ചാന്ഗ് എന്ന സ്ഥലത്തായിരുന്നു. സിങ്ങപോരിലെ സ്ഥലങ്ങള്കെല്ലാം മലായ് ഭാഷയിലുള്ള പേരുകളാണ്. ബുകിറ്റ് ടിമ, ചാങ്ങി, എന്നിങ്ങനെ. മലായ് ഭാഷക്ക് സ്വന്തമായ ഒരു ലിപി ഇല്ലായിരുന്നു എന്ന് പറയുന്നു. ഇക്കാരണത്താല് ഇംഗ്ലീഷ് ലിപി തന്നെ ഉപയോഗിക്കുന്നു. സിങ്കപ്പൂരില്‍ സൈന്‍ ബോര്‍ഡില്‍ എല്ലാം മലായ് വാക്കുകള്‍ ഇംഗ്ലീഷ് ലിപിയില്‍ എഴുതികാണാം. ഞങ്ങള്‍ താമസിച്ച ഫ്ലാടിനടുത്തു ഒരു മുരുകന്‍ ക്ഷേത്രം ഉണ്ടായിരുന്നു. എല്ലാ ആഴ്ചയും അവിടെ പോകാറുണ്ടായിരുന്നു. എല്ലായിടത്തും പുല്ത്തകിടിചെത്തി വൃത്തിയാക്കി വച്ചിരിക്കുന്നു. ചെറിയ ഷോപ്പുകള്‍ നാലോ അഞ്ചോ ഫ്ലാടുകള്ക് നടുവിലുണ്ടു. മിക്കവാറും എല്ലാ സാധനങളും അവിടെ കിട്ടും. നാലു ഫ്ലാടുകല്ക് ഒരു പാര്കുണ്ടു. കുട്ടികള്‍ക് കളിക്കാനും മാതാ പിതാക്കള്ക്കു സൊറ പറയാനും തുറസ്സായ സ്ഥലത്തു വൈകുന്നേരം കൂടാം. പാര്ക്കിലെ ഉപകരണങ്ങളുടെ ചെറിയ തകരാര്‍ പോലും അപ്പോപ്പോള്‍ തന്നെ ശരിയാക്കുന്നു, ജോലിക്കാര്‍ വന്നു. പിന്നെ മിക്കവയും എല്ലാ സമയത്തും ഫ്ലാറ്റിന്റെ താഴത്തെ തുറസ്സായ കാര്‍ പാര്‍കില്‍ ഇട്ട ബെഞ്ചില്‍ ഒരു കൂട്ടം വൃദ്ധര്‍ ഇരിക്കുന്നത് കാണാം. വെറുതെ എന്തെങ്കിലും പറഞ്ഞു കൊണ്ടു. സമൂഹത്തില്‍ നിന്നു തികച്ചും ഒറ്റപ്പെട്ടവര്‍. പുക വലിച്ചു കൊണ്ടു. നമ്മുടെ നാട്ടിലും വയസ്സന്‍സ് ക്ലബ്ബുകള്‍ അവിടവിടെ കാണാമല്ലോ. ആയുര്‍ ദൈര്‍ഘം വര്‍ദ്ധിക്കും തോറും പ്രായമായവരുടെ സംരക്ഷണം ഒരു പ്രശ്നമായി വരുന്നു, ഇവിടെയും. സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയം തികയാത്ത മക്കള്‍ക്‌ മാതാപിതാക്കളെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. മനഃപൂര്‍വ്വം അല്ലെങ്കിലും. പുറകോട്ടു നോക്കി നടന്നുകൊണ്ട് മുന്‍പോട്ടു പോകാന്‍ ആരും ശ്രമിക്കുകയില്ലല്ലോചരിത്രം വീണ്ടും ആവര്‍ത്തിക്കും എന്ന് ആരും ഒര്മിക്കുന്നുമില്ല.

13.ശാസ്ത്രകേന്ദ്രം








ശാസ്ത്ര കേന്ദ്രങ്ങള്‍ മറ്റു രാജ്യങ്ങളില്‍ പഠിയ്ക്കുന്ന കുട്ടികള്‍ക് വളരെയധികം പ്രയോജനകരമാണ്. സാധാരണ സ്കൂളുകളില്‍ ഇല്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചു ശാസ്ത്ര തത്വങ്ങള്‍ ഇവിടെ ചിത്രീകരിക്കുന്നു. പലപ്പോഴും അന്വേഷണത്വരയുള്ള കുട്ടികള്‍ക് അവിടെ എത്ര സമയം ചിലവഴിച്ചാലും മതിയാവാറില്ല. പക്ഷെ നമ്മുടെ രാജ്യത്ത് ശാസ്ത്ര കേന്ദ്രങ്ങള്‍ വളരെ കുറച്ചേ ഉള്ളൂ . നഗരങ്ങളില്‍ ഉള്ളത് തന്നെ വളരെ കുറച്ചു പേര്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ. സിനിമ പോലുള്ള പലായന വിനോദങ്ങളോടാണ് കുട്ടികള്‍ക് പോലും പ്രിയം.

സിങ്കപ്പൂരില്‍ ഒരു ഒന്നാം കിട ശാസ്ത്ര കേന്ദ്രമുണ്ട്. ശാസ്ത്ര സത്യങ്ങള്‍ വിശദീകരിക്കാനും ചിത്രീകരിക്കാനും ഉതകുന്ന ധാരാളം പ്രവര്ത്തിക്കുന്നമാതൃകകള്‍ ഇവിടെയുണ്ട്.ബുദ്ധിയും അന്വേഷണ താല്പര്യ്വുമുള്ള കുട്ടികള്‍ക് വളരെ പ്രയോജനപ്പെടുന്നവ. ഒരിക്കല്‍ മാത്രം കാണാന് പ്രവേശന ഫീസ് അല്പം കൂടുതലാണ്. പക്ഷെ വാര്ഷിക അംഗത്വഫീസ് കുറവാണ്. ഇവിടെ Imax എന്നറിയപ്പെടുന്ന ഒരു ത്രിമാന പ്രദര്ശനവുമുണ്ടു. ഞങ്ങള്‍ അവിടെ ചെന്ന ദിവസം ഈജിപ്തിലെ തൂത്ന്‍ഖാമന് എന്ന യുവരാജാവിന്റെ മമ്മിയെ പറ്റിയുള്ള കഥയായിരുന്നു. ഇംഗ്ളണ്ടില് നിന്നുള്ള ഒരു ഗവേഷകന്‍ ആ മമ്മി എങ്ങനെ കണ്ടെത്തിയെന്നും,അന്ധവിശ്വാസികള്‍ അദ്ദേഹത്തിന്റെ മരണം ഈ മമ്മിയുടെ പര്യവേക്ഷണത്തില്‍ ഏതോ ഒരു ജീവി കടിച്ചതുകൊണ്ടാണെന്നു വിശ്വസിക്കുന്നതും ഒക്കെ എത്ര യഥാതഥമായി കാണിച്ചിരിക്കുന്നു. പിരമിഡുകളുടെ ലോകത്തിലേക്ക്‌ എന്നെങ്കിലും പോകണമെന്ന ആഗ്രഹമുള്ള ഞങ്ങള്‍ക്ക് അതൊരു മനോഹരമായ കാഴ്ച ആയിരുന്നു. ശരിക്കും പിരമിഡുകളുടെ അകത്തു കയറി കാണുന്ന അനുഭവം. ഇത്തരംപ്രദര്‍ശനങ്ങള്‍ എല്ലാ മാസവും മാറുന്നുണ്ട്. വാര്ഷിക അംഗത്വം എടുത്തവര്ക് എല്ലാ മാസവും ഈ കേന്ദ്രത്തില്‍ വരാന്‍ കൂടുതല്‍ ആകര്‍ഷണമായി. വിനോദവും വിജ്ഞാനവുംഒരു പോലെ പ്രദാനം ചെയ്യുന്ന ഇത്തരം കേന്ദ്രങ്ങളും പ്രദര്ശനങ്ങളും നമുക്കും വേണ്ടതാണ്. പക്ഷെ നമ്മുടെ വിദ്യാഭ്യാസ നായകന്മാര്ക് അബദ്ധ ജടിലമായ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും അവയെ എതിര്കുന്നതിലും ന്യായീകരിന്നതിലും തെരുവ് യുദ്ധങ്ങളിലും മാത്രമേ താല്പര്യമുള്ളല്ലോ. എന്തിനവരെ മാത്രം പറയുന്നു. അധ്യാപകരും രക്ഷകര്ത്താക്കളും എല്ലാം നാശോന്മുഖമായ പാതയിലാണ്. നമുക്കെല്ലാം ബുദ്ധി എന്നുണ്ടാവുമോ ആവോ ?
Courtesey pictures : www.science.edu.sg/ssc/

12.മൃഗശാലയും രാത്രി സഫാരിയും














ഇത്ര ചെറിയ രാജ്യമായിട്ടുകൂടി സിങ്കപ്പൂരില്‍ കാണാന്‍ എന്തൊക്കെ ഒരുക്കിയുട്ടുന്ടു എന്നുള്ളത് അത്ഭുതം തന്നെയാണ്. ഒന്നാം തരം ഒരു മൃഗശാലയുന്ടു. മിക്കവാറും എല്ലാതരം മൃഗങ്ങളും അവിടെയുണ്ട്. തമാശക്കാരായ കുട്ടിക്കുരങ്ങ്ന് മുതല്‍ ആനയും സിംഹവും വരെ. പക്ഷി സങ്കേതത്തിലെ പോലെ, അവയുടെ സ്വാഭാവിക താമസ സൌകര്യതോടുക്കൂടി തന്നെ. സീല്‍ എന്ന് പറയുന്ന നീര്കുതിരകളുടെ അഭ്യാസ പ്രകടനവും ഉണ്ട്. മനുഷ്യര് ചെയ്യുന്നത് പോലെ കയ്യടിക്കാനും പരിശീലകനു കൈ കൊടുക്കാനും അവയ്ക്ക് കഴിയുന്നു. കുണുങ്ങി കുണുങ്ങിയും നിരങ്ങിയും ഉള്ള അവയുടെ ചലനം തന്നെ കൌതുക കരമാണ്. ഓരോ പ്രകടനവും കഴിയുമ്പോള്‍ അവയുടെ ഇന്ഷ്ട ഭോജ്യമായ മത്സ്യം കൊടുക്കുന്നത് കാണാം. 

രാത്രി സഫാരിയും കൌതുകകരമാണ്. രാത്രി എട്ടു മണി കഴിഞ്ഞേ സഫാരി തുടങ്ങുകയുള്ളൂ. ഒരു ചെറിയ ട്രെയിനില്‍ ആണ് കാഴ്ച കണാന് യാത്ര. മൃഗങ്ങളെ ആലോസരപ്പെടുതാതെയുള്ള ചെറിയ തോതിലുള്ള വെളിച്ചം ഉണ്ട്. റെയില്‍വേ ലൈനിന്റെ രണ്ടു വശത്തും സംരക്ഷണ വേലിയും ഉണ്ട്. പക്ഷെ പൊതുവേ മൃഗങ്ങള്‍ എല്ലാം ശാന്ത സ്വഭാവികളാണ്. മത്തു പിടിച്ചതുപോലെ, അഥവാ ഡ്റഗ് അടിച്ചതുപോലെ മന്ദ ബുദ്ധികളായാണ് അവ കാണപ്പെട്ടത്. ട്രെയിന്‍ കടന്നു പോകുമ്പൊള്‍ ആരാണ് ഞങളുടെ സ്വൈര ജീവിതത്തെ ശല്യപ്പെടുത്തുന്നത് എന്ന് ചോദിക്കുന്ന മാതിരി തല ഉയര്ത്തി നോക്കുന്നു. പരിശീലനം കിട്ടിയവയെപ്പോലെ. ഒരു മണികൂര്‍ ആണ് സഫാരി. ഞങ്ങളെ പ്പോലെ ഇത്തരം സവാര്കള്‍ കണ്ടു പരിചയമില്ലാതവര്ക് കൌതുകം ഉണ്ടാകുന്നു ഈ കാഴ്ച.

Pictures courtsey :

11.സെന്റൊസ ദ്വീപെന്ന അത്ഭുത ലോകം






സിങ്ങപൂരിലെ ഏറ്റവും അത്ഭുതകരമായ കാഴ്ചകള്‍ സെന്റൊസ എന്ന ദ്വീപിലാണ്. അവിടം സന്ദര്ശിക്കുനവര് ഈ ദ്വീപിലെ കാഴ്ചകള്‍ കാണേണ്ടത് തന്നെയാണ്. അങ്ങോട്ടേക്ക് എത്താന്‍ ബസ്സിലോ റോപ് വേ വഴിയോ ആവാം. റോപ് വേ അല്പം ചെലവ് കൂടുമെന്ന് മാത്രം. എന്നാലും അതില്‍ കൂടി പോകുമ്പൊള്‍ സിങ്കപൂരിന്റെ ഒരു വിഹഗ വീക്ഷണം ആവാം. സെന്റൊസയിലെ പ്രധാന കാഴ്ചകള്‍ ഒരു ഒന്നാം തരം മ്യൂസിയം, വെള്ളത്തിനടിയിലെ അക്വേറിയം , ലേസര് ഷോ എന്നിവയായിരുന്നു അന്ന്. ഇന്നത്തെ പൂര്‍ണ വിവരം അറിയില്ല. മ്യൂസിയത്തില്‍ ഞങ്ങളെ ഏറ്റവും ആകര്‍ഷിച്ചത് സിങ്കപൂരിന്റെ ചരിത്രം വളരെ യഥാര്തമായി ചിത്രീകരിച്ച മെഴുക് മ്യൂസിയം ആണ്. പഴയ കാലത്തെ കുടിയേറ്റക്കാരുടെ ജീവിത രീതി മുതല്‍ ആധുനിക കാലത്തെ പ്രധാന സംഭവങ്ങള്‍ വരെ ചിത്രീകരിച്ചിരിക്കുന്നു. കേരളത്തില്‍ നിന്നു വന്നവരുടെ നാലുകെട്ട് വീടുകള്‍, വിവാഹ രീതികള്‍ , തമിള്‍ ദമ്പതിമാര്‍, എന്ന് തുടങ്ങി സിങ്കപ്പൂര്‍ എന്ന സ്വതന്ത്ര രാജ്യം രൂപീകരിക്കാന് തീരുമാനം എടുത്ത യോഗം വരെ യഥാതഥമായി ആവിഷ്കരിച്ചിരിക്കുന്നു. മൌണ്റ്ബാറ്റന്‍ പ്രഭുവും ജനറല്‍ കരിയപ്പയുമൊക്കെ ലണ്ട്നിലെ മദാം ടുസ്സാദിന്റെ മെഴുക് മ്യൂസിയത്തിലെ പോലെ ജീവനുള്ള പ്രതിമകള്‍ ആയി കാണാം. മൌണ്ട് ബാറ്റന്‍ തല കുലുക്കി കണ്ണിമച്ചു ഇരിക്കുന്നു. സിങ്കപൂരിന്റെ ചരിത്രം ശരിക്കും പഠിയ്ക്കാന്‍ ഏറ്റവും നല്ല ഒരവസരമാണിത് പ്രതേകിച്ചും ഒരു സഞ്ചാരിക്ക്. മറ്റൊന്ന് വെള്ളത്തിനടിയിലെ അക്വേറിയം ആണ്.വമ്പന്‍ സ്രാവുകളും മറ്റും നമ്മുടെ തലയ്ക്കു മുകളില്‍ കൂടി പോകുന്ന രീതിയില്‍ കാണാം.പക്ഷി സന്കെതത്തിലെ പോലെ വിവിധ തരത്തിലുള്ള മത്സ്യങ്ങള്‍ സ്വാഭാവിക അന്തരീക്ഷത്തില്‍ കഴിയുന്നു. ഗാലറിയില്‍ കൂടി നടന്നു ഇതെല്ലാം കാണുമ്പോള്‍ നമ്മള്‍ ഒരു അത്ഭുത ലോകത്തെത്തിയ പ്രതീതിയാണ് ഉണ്ടാവുക.സന്ധ്യാ സമയത്താണ് ലേസര് ഷോ. ഒന്‍പതു വര്ഷം മുമ്പ് അത് അത്യാകര്‍ഷകമായിരുന്നു. എവിടെ എല്ലാ സ്ഥലത്തും വാണിഭം കുറവല്ല.See a YOu Tube video on this link :http://youtube.com/watch?v=pJja2U9nDyE
Photos courtesey link:

10. ഷോപ്പിങ്ങ് പറുദീസാ


സിങ്കപ്പൂര്‍ ഒരു ഷോപ്പിങ്ങ് പറുദീസയാണു. സിങ്കപൂരിന്റെ വളര്ച്ച ആകാശത്തിലെക്കാണ് എന്ന് ആരോ പറഞ്ഞു കേട്ടു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. അംബര ചുംബികളാണ് എല്ലായിടത്തും, ഫ്ലാടുകലാണെങ്ങ്കിലും കച്ചവട സ്ഥാപനങ്ങളാണെങ്കിലും. കച്ചവടത്തിനു പല തന്ത്രങ്ങളാണ്. ആനയെ വാങ്ങിയാല്‍ ചേന ഫ്രീ എന്ന് പറയുന്നതു പോലെ പരസ്യങ്ങളുടെ പ്രവാഹം തന്നെ. പേപ്പര്‍ ആകെ ഒരെണ്ണമേ ഉള്ളൂ. സിങ്കപ്പൂര്‍ straittimes . അത് സര്‍ക്കാര്‍ നിയന്ത്രിക്കുന്നതാണ്. അതിന്റെ തന്നെ ഒരു സായാഹ്ന പത്രവുമുന്ടു. വാര്ത്തകള്‍ക് പ്രത്യക്ഷമായി സെന്സരിങ്ഇല്ലെങ്കിലും സര്‍കാരിനു സ്വീകര്യമല്ലാത്തവ പ്രത്യക്ഷപ്പെടാറില്ല. തൊട്ടടുത്ത രാജ്യമാണെങ്കിലും ഇന്ത്യയെപ്പറ്റിയുള്ള വാര്‍ത്തകള്‍ എവിടെയെങ്കിലും കണ്ടാലായി ഉള്ളിലെ പേജുകളിലെവിടെയെന്കിലും. പരസ്യങ്ങള്‍ ധാരാളം. പേജുകളില്‍ മുക്കാല്‍ പങ്കും പരസ്യം തന്നെ. എല്ലാ മാസവും ഓരോ കാരണം പറഞ്ഞു SALE നടക്കുന്നു. നമ്മുടെ ഭാഷയില്‍ reduction sale . കൊച്ചു കുഞ്ഞുങ്ങള്‍ പോലും പത്രത്തിന്റെ കൂടെ വരുന്ന McDonald KFC ഇവയുടെ പരസ്യം നോക്കി അവിടെ ചെന്നു ഭക്ഷണം കഴിച്ചു പത്തു സെന്റിനും ഇരുപതു സെന്റിനും കിട്ടുന്ന ചെറിയ സമ്മാനങ്ങള്‍ വാങ്ങുന്നു, അഞ്ചും പത്തും ഡോളറിനു ഭക്ഷണം കഴിച്ചിട്ട്. പുതിയ മോഡലുകള്‍ ഇറങ്ങുമ്പോള്‍ പഴയവ കുറഞ്ഞ വിലയ്ക്‌ വില്കുന്നു. കൂടുതലും ഇലക്ട്രോണിക് ഉപകരണങ്ങള്. മൈക്റോവേവ് ഓവനും കമ്പ്യൂട്ടര്‍ പ്രിന്‍റര്‍ ക്യാമറ തുടങ്ങി പലതും. സഞ്ചാരികള്‍ക് പ്രോത്സാഹനമായി ഒരു നിശ്ചിത തുകയില്‍ കൂടുതല്‍ ചിലവാക്കുന്നവര്ക് വില്പന നികുതി എയര്‍പോര്‍ട്ടില്‍ വച്ചു മടക്കികൊടുക്കുന്നു. ഇതിന് വേണ്ടി സാധനം വാങ്ങിയ കടയില്‍ നിന്നു GST Refund form പൂരിപ്പിച്ചു വാങ്ങി ബില്ലോടുകൂടി എയര്‍പോര്‍ട്ടില്‍ ഇതിനുള്ള കൌണ്ടറില്‍ കൊടുത്താല്‍ മതി. അപ്പോള്‍ തന്നെ പണം കിട്ടും. അല്ലെങ്കില് അയച്ചു തരും. തീര്‍ച്ച.
എല്ലാ സെന്റെരുകളിലും കുട്ടികള്‍ക് കളിക്കാനുള്ള സ്ഥലം ഉണ്ട്. പല മാതാപിതാക്കളും കുട്ടികളെ കളിക്കാനാക്കി ഒന്നോ രണ്ടോ മണികൂര്‍ കഴിഞ്ഞു സാധനങ്ങള്‍ വാങ്ങി കുട്ടികളെയും കൂടി പോകുന്നത് കാണാം. പല സ്ഥലത്തും വളരെ ഭംഗിയുള്ള അക്വേറിയം കാണാം. താഴത്തെ നിലയില്‍ തുടങ്ങി ഏറ്റവും മുകളിലത്തെ നില വരെ എത്തുന്ന കുഴല്‍ രൂപത്തിലുള്ള സ്ഫടിക ഭിത്തികളോട് കൂടിയവ. സിങ്കപ്പൂരില്‍ കേബിള്‍ tv യും സര്‍ക്കാര്‍ നിയന്ത്ര്ണത്തിലാണ്. ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍ ലോക കപ്പു ക്രിക്കറ്റു കാണാന്‍ ഒരു കളിക്ക് 35 ഡോളര്‍ കൊടുക്കണമായിരുന്നു. ഞങ്ങള്‍ പല വീട്ടുകാര് ഒന്നിച്ചിരുന്നു കളി കണ്ടു . ചുരുക്കത്തില്‍ കേബിള്‍ പത്ര മാധ്യമ്ങ്ങള്ക് സര്‍ക്കാര്‍ നിയന്ത്രണം നല്ലവണ്ണം ഉണ്ട്. ഒരു പക്ഷെ നമ്മെപ്പോലെ സ്വാതന്ത്ര്യം എന്ത് തോന്നിയ വാസം കാണിക്കാനും അല്ല എന്ന് കാണിക്കാനാവുമോ എന്തോ ? ചിലപ്പോള്‍ നമ്മുടെ അമിതമായ സ്വാതന്ത്ര്യം നമ്മെ എവിടേക്ക് എത്തിക്കുന്നു എന്ന് ചിന്തിച്ചു പോകുന്നു.

9.ജുറോങ്ഗ് പക്ഷി സങ്കേതം



സിങ്കപ്പൂര്‍ ഒരു ചെറിയ രാജ്യമാനെന്കിലും അവിടെ താമസിക്കുന്നവര്കും സഞ്ചാരികള്‍കുംമാനസികഉല്ലാസത്തിനും ബുദ്ധി വികാസത്തിനും ഉതകുന്ന പല കാഴ്ചകളും അവിടെ ഒരുക്കിയിരിക്കുന്നു. ഒന്നാം തരം ഒരു മൃഗശാല, ഒരു രാത്രികാല സഫാരി, പക്ഷി സങ്കേതം, ചിത്റശലഭ പാര്ക്ക്, സെന്ടോസ ദ്വീപിലെ കാഴ്ച ബന്ഗ്ലാവ്, അവിടെയുള്ള വെള്ളത്തിനടിയിലുള്ള അക്വേറിയം, ശാസ്ത്ര കേന്ദ്രം ഇവയെല്ലാം കാണാന്‍ വളരെ ഉണ്ട്. തത്കാലം പക്ഷി സങ്കെതത്തെപ്പറ്റി ആവാം. ജുറോങഗ് എന്ന സ്ഥലത്താണ് ഈ പക്ഷി സങ്കേതം. പക്ഷികളെ അവയുടെ സ്വാഭാവിക അന്തരീക്ഷത്തിലാണ് പാര്‍പ്പിചിരിക്കുന്നത്. ഏതാണ്ട് 600 വര്‍ഗത്തിലുള്ള പക്ഷികള്‍ ഇവിടെഉണ്ടത്രേ വിവിധ തരത്തിലുള്ളവ.ഷൂബില്‍, നീല കൊക്ക് , പെലികന്‍ , ഫ്ലാമിന്ഗോസ് അങ്ങനെ പോകുന്നു. വിവിധതരത്തിലുള്ള പെന്‍ഗുയിനുകളെ അവയുടെ ആവാസ സ്ഥാനത്തിനു തുല്യമായ അന്തരീക്ഷത്തിലാണ് പാര്‍പ്പിചിരിക്കുന്നത്. നാല് തരം പെന്‍ഗുയിനുകള് ഉണ്ട്. പിങ്കി എന്ന് വിളിക്കുന്ന പെന്ഗുയിന്ടെ കൂടെ അത്താഴം കഴിക്കാനും അവസരം ഉണ്ട്. വിവിധ ഇനത്തിലും നിറത്തിലും ഉള്ള തത്തകള്‍ കൌതകമുള്ള കാഴ്ചയാണ്. പക്ഷികളെ കൊണ്ടു പല പ്രദര്ശനങളും അവിടെ ഉണ്ട്. ഓരോ പ്രദര്‍ശനവും കഴിയുമ്പോള്‍ കുട്ടികള്‍ക് മിട്ടായി കൊടുക്കുന്നത് പോലെ പ്രത്യേകം ഇഷ്ട ഭക്ഷണം കൊടുക്കണം. 
(ഞങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്കു

8.സിങ്കപ്പൂര്‍ ഗതാഗതവും എം ആറ് ടി യും




സിങ്കപൂരില് വാഹന ഗതാഗതം വളരെ സൌകര്യവും നിയന്ത്രിതവുമാണ്. ടാക്സി കാര്‍, ബസ്സ് , MRT(Mass Rapid Transport) എന്നിവയാണ് മാര്‍ഗങ്ങള്‍ . ചിലവുകുറഞ്ഞത്‌ ബസ്സു തന്നെ. ഒന്നാംതരം ബസ്സുകള്‍. ഡ്രൈവറും കണ്‍ഡക്ടരും കിളിയും എല്ലാം ആയി ഒരാള്‍ മാത്രം. ടിക്കറ്റു കൊടുക്കാന്‍ സ്വയം പ്രവര്ത്തിക്കുന്ന യന്ത്രമുണ്ട്. ശരിയായ ചില്ലറ ഇട്ടാല്‍ ടിക്കറ്റു കിട്ടും. പതിവു യാത്രക്കാര്‍ കാര്ഡ് ഉപയോഗിക്കുന്നു. പത്തോ ഇരുപതോ ഡോളറിന്റെ കാര്ഡ് വാങ്ങിയാല്‍ ഓരോ പ്രവശ്യവ്യം യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റിന്‍റെ ചാര്‍ജ് കാര്‍ഡില്‍ ചേര്‍ത്ത തുകയില്‍ നിന് കുറക്കുന്നു. തുക തീരുംപോള് വിവരം കാണിക്കും. മുഴുവന്‍ തീരുന്നതിനു മുന്പ് വീണ്ടും കാര്‍ഡില്‍ തുക ടോപ്പ് അപ് ചെയ്യാം. ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിച്ചാല്‍ തുക ഓടോമാടിക് ആയി കാര്‍ഡില്‍ ചേര്‍ത്തുകൊള്ളും. ബസ്സിനും MRT കും ഒരേ കാര്ഡ് മതി. ചില സമയത്തു ബസ്സിനു തിരക്കുണ്ടാവും. ബോംബെയിലെ സബര്ബന് ട്രെയിന്‍ പോലെ എല്ലാവരുടെയും വാഹനം MRT ആണ്. റോഡിന്‍റെ വശങ്ങളില്‍ കോണ്ക്റീറ്റു തൂണുകള്‍ തമ്മില്‍ ബന്ധിപ്പിച്ച ബീമില്‍ കൂടി പോകുന്ന റെയില്‍ മാര്‍ഗമാണ് MRT . നാലില്‍ കുറച്ചു ബോഗികളേ ഉണ്ടാവൂ. വളരെ വൃത്തിയും താരതമ്യേന തിരക്ക് കുറഞ്ഞതുമാണ് MRT . ടോയലെറ്റ് സൌകര്യം സ്റ്റേഷനില് മാത്രമേ ഉള്ളു. ഒരു കണക്കിന് വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുന്ന മാര്‍ഗം അതുതന്നെ. അത്യാവശ്യക്കര്ക് ഇടക്കിറങ്ങി ആവശ്യം സാധിച്ചു തിരിച്ചു കേറാം. വളരെയധികം സൌകര്യമുള്ളതാണ് എം ആര്‍ ടി . ടാക്സികള്‍ മഞ്ഞയും നീലയും. ചാര്‍ജ് വളരെ ന്യായമായത്. സാധനങലുമായി യാത്ര ചെയ്യുമ്പോള്‍ ടാക്സി വേണ്ടി വരും. എല്ലാ സമയവും ടാക്സി കിട്ടും. ഫോണില് വിളിച്ചു പറഞ്ഞാല്‍ വീട്ടിലെത്തും. നമ്പര്‍ പറഞ്ഞാല്‍ മതി.രണ്ടു കംപനിയുടെയാണ് ഈ രണ്ടു തരം ടാക്സി. നീണ്ട ക്യു വില്‍ നില്‍കുമ്പോള്‍ പെട്ടെന്ന് ടാക്സി വേണമെന്കില്‍ വിളിച്ചു പറഞ്ഞാല്‍ മതി. രണ്ടു ഡോളര്‍ കൂടുതല്‍ കൊടുക്കണം. വരുന്ന കാറിന്റെ നമ്പര്‍ പറഞ്ഞു തരും. ക്യുവില്‍ നിന്നും മാറി നിന്നു നമ്മളെ വിളിച്ചു കയറ്റും. മറ്റുള്ളവര്‍ (നമ്മുടെ നാടുകാരെപ്പോലെ )ചിലര്‍ ഇടിച്ചു കേറാന്‍ ശ്രമിക്കുന്നത് ഒഴിവാകിയാല്‍ അത്യാവശ്യമുല്ലവര്ക് ഈ സൌകര്യം ഉപയോഗിക്കാം. മീറ്റര്‍ അനുസരിച്ച് ചാര്‍ജ് കൊടുത്താല്‍ മതി. എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെടുമ്പോഴും, രാത്രി സമയത്തും ചാര്‍ജ് കൂടും. പത്തു സെന്റ് പോലും കൃത്യമായി തിരിചെല്പിക്കും. കാറില്‍ എന്തെങ്കിലും മറന്നു വെച്ചാല്‍ അത് മിക്കവാറും തിരിച്ചു കിട്ടും. പാട്ടു വെയ്കുന്നത് അസൌകര്യമാനെന്കില്‍ അവര്‍ ഓഫ് ചെയ്യും, നമ്മുടെ ഇഷ്ടമനുസരിച്ച് വേണമെന്കില്‍ പാട്ടു വയ്കുകയും ചെയ്യും. റോഡില്‍ ട്രാഫിക് ജാം അപൂര്‍വമാണ്. നിരത്തിലെ തകരാറുകള് പെട്ടെന്ന് ശരിയാക്കുന്നു. മഴക്കാലത്തും അല്ലാത്തപ്പോഴും. മഴ കൂടുതലുള്ള സ്ഥലംമാണ് സിങ്കപ്പൂര്‍. എന്നാലും നിരത്തില്‍ വെള്ളം കെട്ടാറില്ല, കുഴികളുമില്ല. പ്രത്യേകിച്ചും ജപ്പാന്‍ കുഴികളും പൈപ്പ് പൊട്ടി കുഴികളും.
Courtsey Images : http://www.streetdirectory.com/stock_images/

7.സിങ്കപൂരിലെ മലയേഷ്യക്കാര്

സിങ്കപ്പൂര്‍ മലയേഷ്യയുടെ ഒരു ഭാഗമായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് സിങ്കപ്പൂര്‍ സ്വതന്ത്ര രാഷ്ട്രമായത്. ഇപ്പോഴും വെള്ളത്തിന്‌ പോലും സിങ്കപൂറിനു മലയേഷ്യയെ ആശ്രയിക്കേണ്ടിവരുന്നു. എന്നാലും സിങ്കപൂരും മലയേഷൃയും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല. സിങ്കപൂറിന്‍റെ ഒത്ത നടുക്ക് കൂടി പോകുന്ന റെയില്‍വേ ലൈന്‍ ഇപ്പോഴും മലയേഷ്യയുടെതാണ്. ധാരാളം മലയേഷൃക്കാര് സിങ്കപ്പൂരില്‍ ജോലി ചെയ്യുന്നു. സ്ത്രീകളും പുരുഷന്മാരും പൊതുവെ തടിച്ചവരാണ്. സ്ത്രീകള്‍ പര്‍ദ്ദ ധരിക്കുന്നു. പുരുഷന്മാര്‍ സാമാന്യം നല്ലപോലെ സ്വര്‍ണാഭരണം ധരിക്കുന്നു. പുരുഷന്മാര്‍ തടിച്ച സ്വര്‍ണമാലയും കയ്യില്‍ ധരിക്കുന്ന ചെയിനും ധരിക്കുന്നത് സാധാരണമാണ്. എല്ലാതരം ഭക്ഷണ സാധനങ്ങളും കിട്ടുന്ന food court ഇല്‍ മലയേഷ്യന്‍ ആഹാരത്തിനു നല്ല തിരക്കാണ്. അല്പം എരിവു കൂടുതലാണ്, നമ്മുടെ ആന്ധ്ര അച്ചാര് പോലെ. ആള്‍ക്കാര്‍ ഭക്ഷണപ്രിയരാണെന്നത് അവരെ കണ്ടാല്‍ തന്നെ അറിയാം. മലേഷൃക്കാര് പലരും ആഴ്ചയുടെ അവസാനം തിരിച്ചു മലയേഷ്യക്ക് പോകുന്നു. ജോഹോര്‍ ബറു എന്ന അതിര്‍ത്തി കടന്ന്. ഞങ്ങള്‍ താമസിച്ചിരുന്ന ബുകിറ്റ് പഞ്ചാങ്ങിനു വളരെ അടുത്താണ് ജോഹോര്‍ ബറു. പൊതുവെ പച്ചക്കറിക്കും മറ്റു ഭക്ഷൃ സാധനങള്‍കും മലയേഷ്യയില് വില കുറവായതുകൊന്ടു സിങ്കപൂരിലെ ആള്‍കാര്‍ സ്ഥിരമായി വിസ എടുത്തു മലയേഷ്യയില് പോയി ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നുണ്ട്. വിസക്ക് നല്ല ചാര്‍ജുണ്ടു. അതിര്‍ത്തിയില്‍ നല്ല ചെക്കിങ്ങും ഉണ്ട്. എന്നാലും. തമിള്‍, മലായ്, ഇങ്ഗളീഷ് ഭാഷകള്ക് തുല്യ പ്രാധാന്യം സിങ്കപ്പൂര്‍ സര്‍ക്കാര്‍ കൊടുക്കുന്നു. എല്ലാ സൈന്‍ ബോര്‍ഡുകളിലും മൂന്ന് ഭാഷകളിലും എഴുത്തുണ്ടു.

6.സിങ്കപൂരിലെ ചൈനാക്കാര്‍




















സിങ്കപ്പൂരിലെ ചൈനക്കാര്‍ അത് അവരുടെ രാജ്യമായി കണക്കാക്കുന്നു. മിക്കവാറും കടകള്‍ എല്ലാം അവരുടെയാണ്. റെസ്ടോരന്റുകളുടെ എണ്ണം നോക്കിയാല്‍ അവിടത്തെ വീടുകള്‍ക് അടുക്കള വേണമോ എന്ന് തന്നെ സംശയം ആകും. രാത്രി വളരെ വൈകുന്നതുവരെ ഇവ തുറന്നിരിക്കും. ആള്‍ക്കാരും ഉണ്ടാവും, (നമ്മുടെ നാട്ടില്‍ റംസാന്‍ കാലത്തു മാത്രമെ ഇങ്ങനെ കാണാറുള്ളല്ലോ) രാത്രി വൈകി ഭക്ഷണം കഴിഞ്ഞു ഇവര്‍ വീട്ടില്‍ എത്തി കുളിച്ചു പുതിയ വസ്ത്രം മാറി കിടന്നുരങ്ങുമത്റേ. രാവിലെ എഴുനേറ്റപടി ഓഫീസിലെത്തി പല്ലുതേക്കുകയും മറ്റു പ്രാഥമിക ജോലികളും ചെയ്യുന്നത് കാണാറുണ്ട്. ചുവപ്പ് നിറത്തോട് ചൈനക്കാര്‍ക് വലിയ ഭ്റമമാണെന്നു തോന്നുന്നു. ഇംഗ്ലീഷ് അല്പം വിഷമിച്ചാണെങ്കിലും എല്ലാവരും സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. മറ്റൊരു പ്രത്യേകത ഇവരുടെ അന്ധവിശ്വാസമാണ്. ചെകുത്താനെ ഒഴിവാക്കാന്‍ രണ്ടാഴ്ചയോളം രാത്രിയും പകലും പാട്ടു പാടി ഇവര്‍ ശ്രമിക്കുന്നു.വൃത്തിയായി മേശപ്പുറത്തു വിരിവച്ചു വിഭവസ്മൃദ്ധമായ ഭക്ഷണം വിളമ്പുന്നു ഇവര്‍ ചെകുത്താനെ പ്രീതിപ്പെടുത്താന്‍(?). ഈ നൂറ്റാണ്ടിലും ഇത്രത്തോളം അന്ധവിശ്വാസം ചൈനക്കാര്‍ക് മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു. ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍, പഴയ ഫര്‍ണിച്ചറും മാറ്റ് സാധനങളും താഴത്തെ നിലയില്‍ കൊണ്ടുവൈയ്കുന്നു. പഴയ ടിവിയും പത്റങ്ങളും പോലും. സിങ്കപ്പൂര്‍ ഡ്റാഗണുമായി നൃത്തം ചെയ്യാന്‍ എല്ലാവര്ക്കും ആഗ്രഹമാണ്. ഡ്റാഗണിന്റെ നീളം എത്രയും കൂട്ടാമോ അത്രയും സന്തോശംമവും അവര്‍ക്ക്.

5: ശ്രീലന്കയില്‍ നിന്നൊരു കുമാരി














ഞങ്ങള്‍ താമസിച്ച വീട്ടില്‍ ശ്രീലങ്കകാരിയായ ഒരു പെണ്കുട്ടി ജോലിക്കുണ്ടായിരുന്നു. തമിഴ് നല്ലപോലെ സംസാരിക്കും. സാമ്പാറും രസവുമൊക്കെ ഒന്നാംതരമായി ഉണ്ടാക്കും. പ്രത്യേകിച്ചും സസ്യാഹാരം നല്ലവണ്ണമുന്ടാകുന്നത് കൊണ്ടു എന്റെ ആമാശയ കാര്യം കുശാലായി. കേരളത്തില്‍ കിട്ടുന്ന എല്ലാ സാധനങളും സിങ്ങപൂരിലും കിട്ടും. മലയേഷൃക്കാര് ധാരാളം തേങ്ങ പാചകത്തില്‍ ഉപയോഗിക്കും. മാര്‍കെറ്റില്‍ തിരുമ്മിയ തേങ്ങ വരെ കിട്ടും. മീനും ഇറച്ചിയുമൊക്കെ സുലഭം. അടുക്കളയില്‍ നിന്നു രാവിലെ ആറ് മണിമുതല്‍ തമിഴ് പാട്ടു കേള്‍കാം.പാടു റേഡിയോവില്‍ നിന്നു . ഇതാണ് അവളുടെ പ്രധാന ദൌര്‍ബല്യം. അവളുടെ മുതു മുത്തച്ഛന്‍ ഇന്ത്യക്കാരനായിരുന്നു എന്ന് തോന്നുന്നു. എന്നാലും ആ സംസ്കാരം ചോര്‍ന്നുപോകാതെതന്നെ അവള്‍ക്ക് കിട്ടിയിരിക്കുന്നു. ആഴ്ചയിലൊരിക്കല്‍ രാത്രി വൈകിയുള്ള തമിഴ് പടവും കണ്ടിട്ടേ അവള്‍ ഉറങ്ങൂ. ഇവിടെ ധാരാളം ശ്രീലന്കക്കാര്‍ പണിയെടുക്കുന്നു. അതില്‍ നല്ലൊരു ഭാഗം വീടുജോലിക്ക് വന്ന സ്ത്രീകള്‍ ആണ്. എല്ലാ ആഴ്ചയും അവര്‍ മുടങ്ങാതെ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നു. രണ്ടു വര്ഷം കൂടുമ്പോള്‍ വീട്ടില്‍ പോയി അവരുടെ സമ്പാദ്യം വീട്ടിലേല്പിച്ചു തിരിച്ചു വരുന്നു. ഏതെങ്കിലും തമിഴരുടെയോ മലയാളിയുടെയോ വീട്ടിലേക്ക് വീണ്ടും . ഫിലിപ്പൈന്‍സില് നിന്നും വീടുജോലിക്കര്‍ ഉണ്ട്. അവര്‍ കൂടുതലും ചൈനക്കാരുടെ വീട്ടിലാണ് ജോലി ചെയ്യുക. ആഴ്ചയിലൊരിക്കല്‍ ശനിയാഴ്ച ഉച്ചക്കുശേഷം ഇവര്‍ എല്ലാം സിറ്റി സെന്റെരിലുള്ള ഒരു മൈതാനത്ത് ഒന്നിച്ചു കൂടുന്നു. സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം വിശേഷങ്ങളും ദുഖങ്ങളും കൈമാറുന്നു. സിങ്കപ്പൂര്‍ ഗവണ്മെന്റ് ജോലിക്കാര്ക് കൊടുക്കുന്ന ശമ്പളത്തിന്നു തുല്യമായ തുക സര്‍കാരില്‍ അടക്കണം. ഇവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ചിലവുകള്ക് വേണ്ടി. കൃത്യമായ നിബന്ധനകല്‍കനുസരിച്ചു മാത്രമേ ജോലിക്കാരെ വയ്കാന്‍ പാടുള്ളൂ. അവര്‍ പരാതി പെട്ടാല്‍ കേസും മറ്റുമാവും. അതുകൊണ്ടു പൊതുവെ അവര്‍കു സാമാന്യം മര്യാദയായി ജീവിക്കാന്‍ കഴിയുന്നു. അപൂര്‍വം ചൈനക്കാരുടെ വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാരുണ്ടു.
ചിത്രങള്‍ സിങ്ങപൂരിലെ ഹിന്ദു ക്ഷേത്രങള്‍ ; കടപ്പാട് താഴെകൊടുക്കുന്നു ;

4: സിങ്കപ്പൂര്‍ വിശേഷങ്ങള്‍ തന്നെ
















സിങ്കപ്പൂര്‍ പണ്ടുകാലത്ത് നമ്മുടെ നാടില്‍നിന്നു കുറ്റവാളികളെ നാടുകടത്താന്‍ ഉള്ള സ്ഥലമായിരുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഒരു പക്ഷെ സിങ്കപൂരിലെ ആദ്യകാല താമസക്കാര്‍ അങ്ങനെ നാടുകടത്തപ്പെട്ട ഇന്ത്യക്കാര് ആയിരുന്നിരിക്കാം. ഏതായാലും ഇന്നു സിങ്കപ്പൂരില്‍ 70 % ഓളം ചൈനക്കാരാണ്. 15% മലയെഷ്യക്കാര്‍. ഇന്ത്യക്കാര്‍ 7% ഓളം മാത്രം. പക്ഷെ ഇന്ത്യയില്‍ നിന്നു വന്നു സിങ്കപ്പൂര്‍ പൌരന്മാരായവര്‍ കൂടുതല്‍ കാണും. രണ്ടു പ്രസിഡന്റ് മാര്‍ ഇന്ത്യക്കാരായിരുന്നു. ഞങ്ങള്‍ അവിടെ ഉള്ളപ്പോള്‍ പ്രസിഡന്റ് ആയിരുന്ന നാഥന്‍ ഇന്ത്യന്‍വംശജന്‍ ആയിരുന്നു. പൊതുവെ ചൈനക്കാരുടെ ആധിപത്യം എല്ലായിടത്തും കാണാം. തമിള്‍ വംശക്കാര്‍ മറ്റു സ്തലത്തെപ്പോലെ പരസ്പരം സഹകരിച്ചു കഴിയുന്നു. പ്രസിഡന്റ് ഇന്ത്യക്കാരനാനെന്ന പരിഗണന ഇന്ത്യക്കാരോട് തീരെ ഇല്ല. അവിടെയും ഇന്ത്യക്കാര്‍ രണ്ടാം തരം പൌരന്മാര്‍ തന്നെ. സായിപ്പിനെക്ണ്ടാല്‍ അവരും കവാത്ത് മറക്കും. സിങ്കപ്പൂര്‍ പൌരന്മാര്‍ മിക്കവാറും എല്ലാവരും തന്നെ യൂറോപിലെക്കോ അമേരിക്കയിലേക്കോ കണ്ണും നട്ടിരിക്കുന്നവരായതിനാലാവാം. കച്ചവടക്കാര്‍ പോലും ഇന്ത്യക്കാരോട് ഒരു തണുത്ത പ്രതികരണമാണ് കാണിക്കുന്നത്. അതിന് കാരണം പലതാവാം. ആറു മാസത്തെ ജീവിതത്തിനിടയില്‍, ഒരു സിങ്കപ്പൂര്‍ പൌരനെപ്പോലും സുഹൃത്തായി കിട്ടിയില്ല എന്നത് ഇക്കാരണം കൊണ്ടാവാം.

3:സിങ്കപ്പൂര്‍ ക്ലീന്‍ സിറ്റി - ഫൈന്‍ സിറ്റി














സിങ്കപൂര് ഒരു fine സിറ്റി ആണെന്ന് പറയാറുണ്ട്. എന്തിനും ഏതിനും ഫൈനടിക്കുമെന്നു അവിടെ എഴുതിവച്ചിരിക്കുന്നു. പക്ഷെ ഞങ്ങള്‍ അവിടെ ആരും ഫൈന്‍ കൊടുക്കുന്നത് കണ്ടിട്ടില്ല. അല്ലെങ്കില്‍ ഫൈന്‍ കൊടുക്കേണ്ടിവരുന്ന രീതിയില്‍ പെരുമാറുന്നത് കണ്ടിട്ടില്ല. സ്കൂള്‍ കുട്ടികള്‍ പോലും ബസ്സില്‍ നിന്നിറങ്ങുമ്പോള്‍ ടിക്കെറ്റ് ഇടാനുള്ള പെട്ടി അന്വേഷിക്കുന്നത് കാണാം. റോഡില്‍ കണ്ടത് വലിച്ചെറിയുന്ന സ്വഭാവം ഉണ്ടാകാതിരുന്നാല്‍ നന്ന്. നമ്മുടെ നാട്ടുകാര്‍ അവിടെ ചെല്ലുമ്പോള്‍ അറിയാതെ ഈ പണി ചെയ്തു എന്ന് വരാം. പക്ഷെ 500- 1000 സിങ്കപ്പൂര്‍ ഡോളര്‍ ഫൈന്‍ കൊടുക്കണമെന്ന് കാണുമ്പോള്‍ നമ്മളും മര്യാദക്കാരാവും, മാന്യന്മാരും. പ്ലാസ്റ്റിക് ഉപയോഗം നിരോധിച്ചിട്ടില്ല. പക്ഷെ 30 - 40 നിലയുള്ള ഫ്ലാറ്റിന്റെ മുകളില്‍ നിന്നു പോലും ആരും താഴെയ്കു വലിചെരിയാറില്ല. ഭക്ഷണത്തിന്റെ അവശിഷ്ടം ഒരു കവറിലും മറ്റു സാധനങ്ങള്‍ വേറെ ഒരു കവറിലും ആക്കി ഫ്ലാറ്റില്‍ തന്നെ താഴോട്ട് പോകുന്ന ഒരു കുഴലില്‍ നിക്ഷേപിച്ചാല് അത് കൊണ്ടുപോകുന്ന വാഹനതിലെതിക്കൊള്ളും. ഓടകള്‍ എല്ലാം സ്ലാബുകള്‍ വച്ചു മൂടിയിരിക്കുന്നു. റോഡില്‍ എത്ര വലിയ മഴയ്കുശേഷവും ഒരു തുള്ളി വെള്ളം കെട്ടി നില്‍ക്കയില്ല. റോഡരുകില്‍ കൊണ്ടുവച്ച വേസ്റ്റ് കറുപ്പ് ബാഗിലും ചുവന്ന ബാഗിലും കാണാം. അത് രാവിലെയും വൈകുന്നേരവും വണ്ടിയില്‍ എടുത്തു കൊണ്ടു പോകും. പട്ടിയും പൂച്ചയും ഈ ബാഗുകള്‍ തുറന്നിടാറില്ല. ഭക്ഷണം തേടി നടക്കുന്ന പെറുക്കികള് ഇല്ലേ ഇല്ല. അവരെ കണ്ടാല്‍ തന്നെ ഉടന്‍ തന്നെ ജയിലിലോ മാനസിക ആശുപത്രിയിലോ ഉടനെ എത്തിക്കും. സര്‍ക്കാര്‍ ചിലവില്‍ അവര്‍ക്ക് കഴിയാം. ഇങ്ങനെയൊക്കെ ഉള്ളിടത്ത് ക്ലീന്‍ സിറ്റി അല്ലാതാവുമോ ? പക്ഷെ അവിടെയും നമ്മുടെ ആള്‍ക്കാര്‍ കൂടുതല്‍ താമസിക്കുന്ന little India യിലും china town ഇലും സംഗതി നാട്ടിലെപോലെ തന്നെ, മിക്കവാറും. വൃത്തി കുറവാണ്.
ചിത്രങ്ങല്ക് കടപ്പാട് :

2: ചാന്ഗിയില്‍ നിന്നു ഫ്ലാറ്റിലേക്ക്


ചാംഗി എയര്‍പോര്‍ട്ട് വലിപ്പത്തില്‍ ഏഷ്യയില്‍ രണ്ടാമാത്തെതാണെന്നു തോന്നുന്നു. അന്ന്നുതന്നെ രണ്ടു മിനുട്ടില്‍ ഒരി വിമാനം പറന്നുയര്നിരുന്നു. ജപ്പാന്‍ ഓസ്ട്രേലിയ, അമേരിക്കയുടെ പസിഫിക് തീരത്തുള്ള കാലിഫോര്‍ണിയ മുതലായ പട്ടണങ്ങളിലേക്കു സിങ്കപ്പൂര്‍ വഴിയാണെളുപ്പം. അന്താരാഷ്ട്ര തീയതിരേഖ (dateline )കടന്നു പോകുന്നത് കൊണ്ടു അങ്ങോട്ടുപോകുംപോള്‍ സമയവും ലഭിക്കാം.വിമാനങ്ങള്‍ നാടുഭാഷയില്‍ പറഞ്ഞാല്‍ 'മത്തി അടുക്കുന്നതു' പോലെ അല്ലെങ്കില്‍ ചാകരയുള്ള കടപ്പുറത്ത് വള്ളങ്ങള്‍ കിടക്കുന്നതുപോലെ കാണാം. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തേക്ക് എയര്‍പോര്‍ട്ടില്‍ നിന്നു അര മണിക്കൂര്‍ ടാക്സിയില്‍യാത്രയുണ്ടു. നേരം പുലര്ന്നതുകൊണ്ടു റോഡിലേക്ക് തന്നെ നോക്കിയിരുന്നു. വളരെ വൃത്തിയായും അടുക്കായും നിര്‍മിച്ച നിരത്തുകള്‍. വഴിവിളക്കുകളുടെ വൈദ്യുതി ബന്ധങ്ങളെല്ലാം ഭൂമിക്കടിയില്‍.കെട്ടിടങ്ങളെല്ലാം പുതിയതായി പൈയിന്റടിച്ചതുപോലെ. സിങ്കപ്പൂര്‍ എന്ന രാഷ്ട്റം ഉണ്ടായത് തന്നെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമാണ്. ഏകദേശം 700 ച കിലോമീറ്ററിലധികം വിസ്തീര്‍ണമില്ലാത്ത ( സുമാര്‍ കോഴിക്കോട് ജില്ലയുടെയത്ര ) സിങ്കപ്പൂര്‍ ഒരു സ്വതന്ത്ര രാഷ്ട്രമായത് 1965 ഇല്‍ ആണ്. ഈ രാജ്യം 43 വര്‍ഷത്തിനകം കൈവരിച്ച പുരോഗതി അസൂയാവഹമാണ്‌. വെള്ളം മലയേഷൃ്യില് നിന്നാണ്. ഭക്ഷണ സാധനങ്ങള്‍ സിംബാബ്വേ യില്‍നിന്നു വരെ വരുന്നുണ്ട്. പാല്‍ ആസ്ട്റേലിയയില്‍ നിന്നു. മാംസം യൂറോപ്പില് നിന്നു അങ്ങനെ. ഇലക്ട്രോണിക് ഉപകരണങ്ങള് അല്ലാതെ ഒന്നും തന്നെ ഇവിടെ ഉണ്ടാക്കുന്നില്ല. ( ഇന്നത്തെ കേരളം പോലെ , ശരിക്കും ഒരു കണ്‍സ്യൂമര്‍ രാഷ്ട്രം). എല്ലാ പ്രധാനപ്പെട്ട multinational കമ്പനികളും ഇവിടെ പ്രവര്ത്തിക്കുന്നു. ടേണ്‍ ഓവറിന്‍റെ ഒരു നിശ്ചിത ശതമാനം ഇവിടെത്തന്നെ ചിലവാക്കണം എന്ന് നിയമമാണ്. വിദ്യാഭ്യാസ സ്ഥാപനങളിലെ ഗവേഷണത്തിനുള്‍പെടെ ഈ തുക ഉപയോഗിക്കാം. വ്യാപാരമാണ് അടുത്ത വ്യവസായം. ഷോപ്പിങ്ങിനു പോകുന്നവരുടെ പറുദീസയാണ് സിങ്കപ്പൂര്‍. എന്ത് വേണമോ അത് മുസ്തഫ പോലെയുള്ള സൂ്പ്പര്മാര്‍കറ്റില്‍ കിട്ടും. പോക്കെറ്റ്‌ നിറഞ്ഞിരിക്കണമെന്നു മാത്രം.

1.സിംഹപുരതെക്ക് ആദ്യമായി


അച്ഛനുമായി കഴിഞ്ഞ ബോംബെ യാത്രയുടെ പരിചയത്തിന്‍റെ ബലത്തിലാണ് സിങ്കപ്പൂരിലെക്കുള്ള യാത്രക്ക് തയ്യാറെടുത്തത്. ആശാന്‍ തനിയെ പോകില്ലെന്ന് ഒരു വാശിയും. അന്ന് സിങ്കപൂരിലേക്ക് കേരളത്തില്‍ നിന്നു നേരിട്ടുള്ള വിമാനം ഇല്ല. മദിരാശിയില് ചെന്നു സിങ്കപ്പൂര്‍ എയര്‍ലൈന്‍സ്‌ പിടിക്കണം. ഇന്നു തിരുവനതപുരതുനിന്നും കൊച്ചിയില്‍ നിന്നും Silkair വിമാനങളുണ്ടു. ഞങ്ങള്‍ തീവണ്ടിയില്‍ മദിരാശിയിലേക്കു പുറപ്പെട്ടു. ടിക്കെറ്റു കാലേകൂട്ടി ബുക്കു ചെയ്തിരുന്നു എങ്കിലും ട്റെയിനില് നല്ല തിരക്കായിരുന്നു. കാരണം ഹജ്ജിന് പോകുന്ന കുറെ ആള്‍കാര്‍ ഞങളുടെ കംപാര്ട്മെന്റില് ഉണ്ടായിരുന്നു. കോഴിക്കോട് സ്റ്റേഷനില്‍ പലപ്പോഴും ഒരാളെ യാത്രയാക്കാന്‍ സാധാരണ ഇരുപത്തഞ്ചു പേര്‍ എത്തുമ്പോള്‍ ഹജ്ജിനു യാത്രയാക്കാന്‍ എത്ര ആള്‍കാര്‍ ഉണ്ടാവുമെന്നു കണക്കാക്കാവുന്നതാണ്. ഏതായാലും മദിരാശിയില്‍ എത്തി ഒരു സുഹൃത്തിന്റെ വീട്ടില്‍ കൂടി. രാത്രിയിലാണ് പറക്കെണ്ടത്, പതിനൊന്നു മണിക്കായിരുന്നു എന്ന് തോന്നുന്നു. മദിരാശി നഗരം വിദ്യുഛക്തി വെളിച്ചത്തില്‍ കുളിച്ചുനില്കുന്ന സമയത്തു ആകാശയാത്ര തുടങ്ങി. നാല് മണിക്കൂര്‍ കൊണ്ടു ചാംഗി വിമാനതാവളതിലെത്തി. രണ്ടുമണിക്കൂര്‍ സമയ വ്യത്യാസം ഉള്ളതുകൊണ്ട് രാവിലെ അഞ്ചു മണിക്കാണ് അവിടെ എത്തിയത്. എയര്‍പോര്‍ട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ആശാന്‍റെ ഒരു പൂര്‍വ വിദ്യാര്ത്ഥി എത്തിയിരുന്നു. കോഴിക്കോട് യൂണിവേര്സിടിയില് മൂന്ന് പ്രാവശ്യം തുടര്‍ച്ചയായി കഥകളിക്കു ഒന്നാം സ്ഥാനം വാങ്ങിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദ ധാരി.സിംഹപൂരില്‍ ജോലി ചെയ്യുന്നയാള്‍. പുലര്‍ച്ചെ അഞ്ചു മണിക്ക് അയാള്‍ എയര്‍പോര്‍ട്ടില്‍ ഹാജര്‍, ഞങ്ങളെ സ്വന്തം ഫ്ലാറ്റിലേക്ക് നയിക്കാന്‍. നേരം പുലര്‍ന്നു തുടങ്ങി വരുന്നേ ഉള്ളൂ. എങ്ങും നിശ്ശബ്ദത മാത്രം. കിളികളുടെയോ എന്തിന് കാക്കയുടെ പോലുമോ കരച്ചില്‍ കേള്കാനില്ല. ഞങ്ങളുടെ ആറു മാസത്തെ സിങ്കപൂര് വാസത്തിനിടക്ക് ഒരിക്കല്‍ പോലും കിളികളുടെ ശബ്ദം കേട്ടിട്ടില്ല, ജുറോങ്ഗ് പക്ഷി സങ്കേതത്തിലല്ലാതെ.